Kerala
കണ്ണൂർ: ടി.കെ. ഗോവിന്ദനോട് പാർട്ടിയെ വെല്ലുവിളിക്കരുതെന്ന മുന്നറിയിപ്പ് നൽകി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ. കണ്ണൂരിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് പത്രസമ്മേളനം നടത്തി പാർട്ടിയെ വെല്ലുവിളിക്കരുതെന്ന് എം.വി.ജയരാജൻ മുന്നറിയിപ്പ് നൽകിയത്.
പാർട്ടിയെ ആക്രമിക്കാൻ വരുന്ന ഏതു കൊലകൊന്പനെയും പാർട്ടി പ്രവർത്തകർ ചെറുക്കും. അതാണ് ചരിത്രം. ലക്ഷക്കണക്കിനു പ്രവർത്തകരുള്ള പാർട്ടിയാണിത്. അധികാരദുരയിൽ ശത്രുക്കൾക്കൊപ്പം ചേർന്ന് പാർട്ടിയെ അധിക്ഷേപിച്ച ടി.കെ. ഗോവിന്ദനെതിരേ മലപ്പട്ടത്ത് ഇന്നലെ പ്രവർത്തകരുടെ വൻ പ്രതിഷേധമാണ് ഉയർന്നത്.
പ്രകടനത്തിൽ ടി.കെ. ഗോവിന്ദന്റെ ബന്ധുക്കൾ വരെ പങ്കെടുത്തു. അത്രത്തോളം പാർട്ടിയെ സ്നേഹിക്കുന്ന പ്രവർത്തകരുള്ള സംഘടനയാണ്. ടി.കെ. ഗോവിന്ദനൊപ്പം ടി.കെ. ഗോവിന്ദൻ മാത്രമേയുള്ളൂവെന്നും എം.വി. ജയരാജൻ പറഞ്ഞു.
തളിപ്പറന്പ് മണ്ഡലത്തിൽ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിന്റെ കണക്കുകളിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചതിലൂടെ ടി.കെ.ഗോവിന്ദൻ പല്ലിൽ കുത്തി നാറ്റിക്കുകയാണ്. ഹാപ്പിനെസ് ഫെസ്റ്റിന്റെ സംഘാടകസമിതി വൈസ് ചെയർമാൻ കൂടിയായിരുന്നു ടി.കെ. ഗോവിന്ദൻ. ഇതിന്റെ കണക്കുകൾ ഓഡിറ്റിംഗി നു വിധേയമാക്കി ഇൻകം ടാക്സ് റിട്ടേൺസിന് നൽകി അംഗീകാരം ലഭിച്ചതാണ്.
വസ്തുത ഇതാണെന്നിരിക്കെ അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിച്ചത്. ടി.കെ. ഗോവിന്ദൻ പരസ്യ സംവാദത്തിനുവെല്ലുവിളിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, പാർട്ടി ശത്രുവുമായി സംവാദമോ എന്നായിരുന്നു എം.വി. ജയരാജന്റെ പ്രതികരണം. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നതിന് ആദ്യം അദ്ദേഹം വിശദീകരണം നൽകട്ടെ എന്നും എം.വി. ജയരാജൻ പറഞ്ഞു.
Kerala
കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായിയായിരുന്ന സാജന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ചെയർപേഴ്സണായിരുന്ന പി.കെ. ശ്യാമളയ്ക്ക് ഒഴിയാനാകില്ലെന്ന് ഇന്നലെ പാർട്ടി വിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ.
കണ്ണൂർ പ്രസ്ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അന്നത്തെ സാഹചര്യം അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ: സാജന്റെ മരണത്തിൽ ജനം പ്രകോപിതരായി. മരണത്തിന് ഉത്തരവാദി പി.കെ. ശ്യാമളയാണെന്നു വ്യാപകമായി പ്രചാരണം വന്നു. പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത അവസ്ഥ. ചെയർപേഴ്സണെ രക്ഷിക്കാൻനിന്നാൽ പാർട്ടിക്കെതിരേ ജനം തിരിയും. അന്നു വിശദീകരണയോഗം വിളിച്ചു.
ശ്യാമളയെ ന്യായീകരിച്ച് പൊതുയോഗം നടത്താൻ സാധിക്കില്ലായിരുന്നു. ഇതിനിടെ കാര്യങ്ങൾ വിശദീകരിക്കുന്നതിനായി പി. ജയരാജൻ, എം.വി. ജയരാജൻ, ജയിംസ് മാത്യു എന്നിവരും ഞാനും ഉൾപ്പെടെ ഒരു വിശദീകരണയോഗം സംഘടിപ്പിച്ചു. യോഗത്തിൽ ടീച്ചറെ ന്യായീകരിച്ച് സംസാരിക്കുന്പോൾ വലിയ പ്രതിഷേധമാണുണ്ടായത്. തുടർന്ന് അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്നു പറഞ്ഞു. ഇതോടെ പി. ജയരാജൻ എം.വി. ഗോവിന്ദന്റെ നോട്ടപ്പുള്ളിയായി.
ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്നു മാറ്റി വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിപ്പിച്ചതും പി. ജയരാജനെ ഒതുക്കാനായിരുന്നു. തിരിച്ചുവന്നപ്പോൾ സെക്രട്ടറിസ്ഥാനം ലഭിച്ചില്ല. നിലപാടിന്റെ പേരിലാണ് പി. ജയരാജൻ വേട്ടയാടപ്പെട്ടത്. സാജന്റെ മരണത്തിൽ ശ്യാമളയ്ക്കു പങ്കില്ലെന്ന് റിപ്പോർട്ട് തയാറാക്കി. ഈ കസേരയിൽ താനിരിക്കുന്നിടത്തോളം കാലം അനുമതി കൊടുക്കില്ലെന്ന് സാജനോട് പി.കെ. ശ്യാമള പറഞ്ഞു.
പോലീസ് അന്വേഷണം വന്നപ്പോൾ നഗരസഭാ ഓഫീസിലെ ചില പ്രധാനപ്പെട്ട രേഖകൾ കാണാതായി. ചെയർപേഴ്സണെ രക്ഷിക്കാൻ ചില ഉദ്യോഗസ്ഥർ ചെയ്തതായിരിക്കാം. പോലീസ് അന്വേഷണത്തിൽ ശ്യാമള കുറ്റക്കാരിയല്ലെന്നു കണ്ടെത്തി. പി.കെ. ശ്യാമളയോടും പി.പി. ദിവ്യയോടും രണ്ടു നിലപാടുകളാണ് പാർട്ടി സ്വീകരിച്ചത്.
മധുസൂദനന്റെ സ്ഥാനാർഥിത്വത്തോടും എതിർപ്പ്
പയ്യന്നൂരിൽ മധുസൂദനൻ മത്സരിക്കണമെന്ന നിർദേശവും കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൽ ഭൂരിഭാഗവും എതിർത്തു. മധുസൂദനനെതിരേ ആരോപണങ്ങള്‍ വന്നപ്പോള്‍ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. ജനങ്ങള്‍ക്കു വിശ്വാസം കുഞ്ഞികൃഷ്ണന് പറയുന്ന കണക്കുകളിലായിരുന്നു. അങ്ങനെ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന ഒരാള്‍ സ്ഥാനാര്‍ഥിയാകുന്നതു ശരിയല്ലെന്ന അഭിപ്രായമുയര്‍ന്നുവന്നു. ക്രമക്കേടു നടന്നിട്ടുള്ളതുകൊണ്ടാണ് ടി.ഐ. മധുസൂദനനെ സെക്രട്ടേറിയറ്റിൽനിന്നു മാറ്റിനിർത്തിയത്.
പേരാവൂരിലേക്ക് ശൈലജയെ മാറ്റിയത് ഒതുക്കാൻ
കെ.കെ. ശൈലജയെ പേരാവൂരിലേക്കു മത്സരിക്കാൻ കൊണ്ടുപോയതിന് പാർട്ടി ഉത്തരം നൽകണം. വീണ്ടും മത്സരിക്കുന്നെങ്കിൽ മട്ടന്നൂർതന്നെ പോരായിരുന്നോ? ഈ പ്രായത്തിലാണോ ശൈലജയെ മണ്ഡലം പിടിച്ചെടുക്കാൻ പേരാവൂരിലേക്കു വിടേണ്ടത്. ശൈലജയെ നിയമസഭയിൽ വേണമെങ്കിൽ മട്ടന്നൂരിൽ നിർത്തുമായിരുന്നു.
ശൈലജയെ നാടുകടത്തുകയും തന്റെ ഭാര്യ തളിപ്പറമ്പിൽ മത്സരിക്കണമെന്നു പറയുകയും ചെയ്യുന്നത് എന്തു നീതിയാണ്? പിണറായിയുടെ കരുത്താണു പാർട്ടിയെ നയിക്കുന്നത്. പിണറായി ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ താൻ ഏരിയാ സെക്രട്ടറിയാണ്. പിണറായിയെപ്പോലെയുള്ള നേതാവ് ഈ നീതികേടിന് എന്തിനു കൂട്ടുനിന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
വികസനപദ്ധതികളിൽ കണക്കില്ല
ജയിംസ് മാത്യു എംഎൽഎയായിരുന്നപ്പോൾ അസംബ്ലി മണ്ഡലത്തിലെ വികസന പദ്ധതികളെക്കുറിച്ചും തുക വകയിരുത്തുന്നതിനെക്കുറിച്ചും പാർട്ടി കമ്മിറ്റിയിൽ പറയുമായിരുന്നു. എംഎൽഎയുടെ വരവുചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുമായിരുന്നു. എന്നാൽ, എം.വി. ഗോവിന്ദൻ വന്നതിൽപ്പിന്നെ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചിട്ടില്ല.
ഹാപ്പിനസ് പരിപാടി നടത്തിയപ്പോൾ കമ്മിറ്റിയിൽപോലും അറിയിച്ചിട്ടില്ല. ചില സിനിമാക്കാർ ഉൾപ്പെടെയുള്ളവരെ വിളിച്ചുചേർത്തു കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഹാപ്പിനസ് പരിപാടി നടത്തിയത്. ഇതിന്റെയൊന്നും കണക്ക് എവിടെയും ഇല്ല. പാർട്ടിയിൽ ഒരു കാലത്തും ഉണ്ടാകാൻ പാടില്ലാത്ത പ്രവണത തളിപ്പറമ്പിലുണ്ടായി.
അനീതിയെ ചോദ്യം ചെയ്യുന്നതുകൊണ്ട് പാർട്ടിയിൽനിന്നു പുറത്തുപോകണമെങ്കിൽ അങ്ങനെയാകട്ടെ. പാർട്ടിയെ തിരുത്തണം. ഈ അനീതിയെ അംഗീകരിച്ചു കഴിഞ്ഞാൽ പാർട്ടി തകരും.തന്റെ ഭാര്യയെ സ്ഥാനാർഥിയാക്കണമെന്നു പറയുന്നത് രാജ്യത്തെ സ്നേഹിക്കാൻ വേണ്ടിയല്ല. അഴിമതിയാണെന്നും ഗോവിന്ദൻ പറഞ്ഞു.